Sunday, April 28, 2024

ചില "രീതികൾ"

 കുറെ ദിവസമായി വല്ലതുമൊക്കെ കുത്തിക്കുറിച്ചിട്ട്. PMS  അടിച്ചു കട്ട കലിപ്പിൽ  ഇരിക്കുമ്പോ എഴുതുന്നതാണ് എനിക്കും സമൂഹത്തിനും നല്ലത് എന്ന് തോന്നിയത് കൊണ്ട് ഇനി വൈകിക്കാതെ ഇപ്പൊ തന്നെ എഴുതിയെക്കാം  എന്ന് കരുതി! പിന്നെ, "നല്ലപിള്ള" ചമഞ്ഞു നടക്കുന്ന കുറെ മനുഷ്യർ എന്റെ ഫ്രണ്ട്ലിസ്റ്റിൽ ഉണ്ട്. പോസ്റ്റിൽ ലൈക്കോ കമെൻഡോ ചെയ്താൽ എന്റെ "നല്ല പിള്ള / കുലസ്ത്രീ /  ഉത്തമഭാര്യ" ഇമേജ് ഉടഞ്ഞു പോവുമെന്ന് പേടിച്ചിട്ട് കുണു കുണുന്നു പറഞ്ഞെൻറെ വാട്സാപ്പിലും ഫേസ്ബുക് മെസ്സന്ജരിലും വന്നു കുണുക്കുന്ന കൊറേ കൂതറകൾ, അതുങ്ങൾ എന്റെ പോസ്റ്റിനെ വാനോളം പുകഴ്‌ത്താൻ ഒളിച്ചും പതുങ്ങിയും എന്നെ വിളിക്കണ്ട , മെസ്സേജ് അയക്കേണ്ട. ഞാൻ നിങ്ങളെ ഒന്നും ഓർക്കാറു പോലുമില്ല , ഞാൻ ലൈക്കിനും ഷെയറിനും വേണ്ടി അല്ല ഇതൊന്നും എഴുതുന്നത്, എന്റെ ഒരു ആശ്വാസത്തിന് വേണ്ടിയാണ്.


അപ്പോൾ വിഷയത്തിലേക്ക് കടക്കാം. കല്യാണം കഴിച്ചു  ചെല്ലുമ്പോൾ എല്ലാ പെണ്ണുങ്ങളും ഒരിക്കലെങ്കിലും നേരിടേണ്ടി വരുന്ന സംഗതി ആണ് "ഞങ്ങളുടെ വീട്ടിലെ രീതി". വന്നു കയറിയിരിക്കുന്ന ആ പെണ്ണിനെ കാണിക്കാൻ വേണ്ടി "ഞങ്ങൾ ഇവിടെ ഇങ്ങനൊക്കെയാ.." എന്ന് പറഞ്ഞും ചെയ്തും കൂട്ടുന്ന കുറെ കോമാളിത്തരങ്ങൾ. അങ്ങനെ  ഉണ്ടായ കുറച്ചു രംഗങ്ങളിൽ എന്നെ വളരെ ആകർഷിച്ച ഒന്ന് രണ്ടെണ്ണം ഞാൻ ഇവിടെ പറയാം. 

എന്റെ അച്ഛന്റെ തറവാട്ടിൽ അച്ഛന്റെ ചേട്ടനും കുടുംബവും ആണ് താമസിച്ചിരുന്നത്. അച്ഛന്റെയും അമ്മയുടെയും  കല്യാണം കഴിഞ്ഞ നാലാം ദിവസം അവിടെ ചെന്ന് കയറിയ പുത്തൻപെണ്ണിനോട് "കഞ്ഞിക്ക് അരി അടുപ്പത്തിട്ടോ" എന്ന് പറഞ്ഞു ചേട്ടത്തി മാതൃക ആയി. പൗരുഷത്തിന്റെ പ്രതീകമായ അച്ഛൻ "പുതുപ്പെണ്ണിന്റെ കൂടെ വീട്ടിൽ ചുറ്റിത്തിരിയാൻ നിക്കാതെ" 'അമ്മയെ  വീട്ടിലിരുത്തി ഉടനടി ഉടുപ്പും മാറി സ്ഥിരവിനോദങ്ങളിൽ ഏർപ്പെടാൻ പോയി വീണ്ടും മാതൃക ആയി (ഒരു മാതൃക കുടുംബം!). Daily 10 -12 സെൻറ് മുറ്റം അടിപ്പിക്കലും തീരുമ്പോ തീരുമ്പ പണി കൊടുക്കലും ആയി 'രീതി പഠിപ്പിക്കൽ' അധികം നീണ്ടു നിന്നില്ല. അപ്പോഴേയ്ക്കും അച്ഛന്റെ വീതം കിട്ടിയ സ്ഥലത്തു ഒരു വീടു വെച്ച് മാറാൻ തീരുമാനം ആയി, അത് വരെ അച്ഛന്റെ പെങ്ങളുടെ വീട്ടിൽ  താമസിക്കാനും.  

അവിടത്തെ രീതികളും 5 - 6 മാസം എന്റമ്മ തകൃതിയായി പഠിച്ചു . "ഇവിടെ ഇങ്ങനെ ഒക്കെയാണ് , അവനു ഓപ്പേം അളിയനും മക്കളും കഴിഞ്ഞേ വേറെ ആരും ഒള്ളു"- അച്ഛന്റെ പൈസ എല്ലാം ഓപ്പയെ  ഏല്പിക്കും, വെളിയമ്പലത്തിലെ ഉത്സവത്തിന് മുല്ലപ്പൂ മേടിക്കാൻ അമ്മയ്ക്ക് 2 രൂപ വേണമെങ്കിലും ഓപ്പയോട് ചോദിക്കണം . അച്ഛനോട് നേരിട്ട് ചോദിച്ചിട്ട് കാര്യമില്ല . "ഒരു നല്ല ദിവസം വന്നാൽ അവനു ഇവിടെ ഞങ്ങളുടെ കൂടെ വേണം"- അച്ഛനു  ഭാര്യവീട്ടിൽ താമസിക്കാൻ പറ്റില്ല, വന്നു ഒന്ന് തലകാണിച്ചിട്ട് പോണം ."അവനു കൊറേ ചിട്ടകൾ ഉണ്ട് , അതൊക്കെ എനിക്കല്ലേ അറിയുവോള്ളു" എന്ന്  ഓപ്പയുടെ ഭാഷ്യം). എന്റെ 'അമ്മ എന്നെ പ്രസവിച്ചു കിടക്കുമ്പോളും ഓപ്പ ആയിരുന്നു visitor എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് (ഉണ്ടായ കുട്ടി പെണ്ണായി പോയത് കൊണ്ട്  താതകണ്വൻ തല്പരനായിരുന്നില്ല എന്ന് കരക്കമ്പി). മാസങ്ങൾ കഴിഞ്ഞ്  wife house ഇൽ visit നു വന്ന ടിയാൻ  1 വയസും ഏതാനും മാസവും പ്രായമായി പിച്ചവെച്ചു നടക്കുന്ന മകളെ നോക്കി "ഇതേത് കൊച്ച് " എന്ന് ചോദിച്ചു എന്നും ഒരു കഥ പ്രചരിക്കുന്നുണ്ട്. പിന്നീട് ഇങ്ങോട്ട് നടന്നതെല്ലാം ചരിത്രം. കുടുംബത്തിലെ വേറെ ആരുടേയും പിന്തുണ ഇല്ലാതെ അച്ഛൻ അമ്മയോടൊപ്പം കുടുംബം നയിക്കുകയും, അതെ സമയം തന്നെ ഓപ്പയും കുടുംബവുമായി വളരെ നല്ല ബന്ധം പുലർത്തുന്നതും ഞാൻ കാണുന്നതാണ്. 

വർഷങ്ങൾ ആയിട്ട് എന്റെ അച്ഛനെ ഞാൻ കാണുന്നത് അമ്മയുടെയും അമ്മയുടെ വീട്ടുകാരുടെയും കൂടെ സന്തോഷ സഹകരണങ്ങളോട് കൂടി ജീവിക്കുന്നതാണ്. കുറച്ചു കാലം ആയി ഈ പറഞ്ഞ "ചിട്ടവട്ടങ്ങൾ" ഒന്നും തന്നെ ഞാൻ കാണുന്നുമില്ല! 


ഞാൻ കല്യാണം കഴിഞ്ഞു പുതുമോടി മാറുന്നതിനു മുന്നേ ഒരു ദിവസം പുട്ടും , വൻപയറും ചായയും ആയി ഒരു breakfast ഉണ്ടാക്കി. In-laws നു ഒരു കല്യാണത്തിൽ പങ്കെടുക്കേണ്ടത് കൊണ്ടും എനിക്ക് എവിടേക്കും പോകാൻ ഇല്ലാത്തതു കൊണ്ടും ആണ് എല്ലാം ഞാൻ ഉണ്ടാക്കിയത് . ചായ ഉണ്ടാക്കിയപ്പോ കടുപ്പം ഇത്തിരി കൂടി പോയത് കൊണ്ട് ഞാൻ കുറച്ചു പാൽ കൂടെ അതിലേക്ക് ഒഴിച്ചു . അത് വായിൽ വെച്ച ഉടനെ ഭർത്തൃമാതാവ് "ശ്ശെ , ഇതെന്ത് കട്ടിയുള്ള ചായ ആണ് , ഇതൊന്നും അറിയില്ലേ" ! "ശൊ, വൻപയർ ഇൽ  വെളുത്തുള്ളി ഇട്ടോ? അവൻ കഴിക്കുന്നോ ആവോ" തുടങ്ങിയ ആത്മഗതങ്ങൾ.  "അവൻ " ഒരക്ഷരം മിണ്ടാതെ ഇതെല്ലാം കഴിച്ചു തീർത്തത് വേറെ കഥ. "കടല വേവിക്കുമ്പോ മുളക് പൊടി ഇടുമോ? ഓ, വളരെ ലോക്കൽ ആയ സ്ഥലങ്ങളിൽ  അങ്ങനെ ചെയ്യും എന്ന് തോന്നുന്നു" തുടങ്ങിയ items വേറെ. മുളകുപൊടിയിൽ  കിടന്നു വെന്ത കടലക്കറി വളരെ രുചികരമായി എന്റെ ഭർതൃ കുടുംബം ഭാവിയിൽ പലപ്പോഴും കഴിച്ചത് വേറെ ഒരു കഥ! മതിലിനു തുള വീഴുന്നത് അമ്മായിയമ്മയ്ക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് ഓരോ അലക്കിനു മുന്നേയും വാഷിംഗ് മെഷീനിന്റെ outlet വലിച്ചു നീട്ടി work area യിലേക്ക് കൊണ്ട് പോവുകയും , അലക്കിനു ശേഷം അത് ചുരുട്ടി കൂട്ടി അകത്തേയ്ക്ക് കൊണ്ടുവന്നു വെയ്ക്കുകയും വേണമായിരുന്നു. 12  വര്ഷം അത് ചെയ്തു കഴിഞ്ഞാണ് ഞാൻ തിരിച്ചറിഞ്ഞത്  - ഇതെന്ത് കൂത്ത്! മനുഷ്യന്റെ ഊപ്പാട് ഇളകിയാലും മതിലിൽ തുള വീഴരുത് എന്ന മണ്ടൻ സിദ്ധാന്തം ഞാൻ എന്തിനു സഹിക്കണം, അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ മതിലിൽ തുള വീണു! പിന്നെ, ഒന്നോർത്തു നോക്കിയാൽ എല്ലാം ഓരോ "രീതികൾ" ആണല്ലോ!


അപ്പൊ , ഞാൻ പറഞ്ഞു വന്നത് - നമുക്ക് ഒക്കെ ഒരു തിരിച്ചറിവിനുള്ള സമയമായി . കല്യാണം കഴിഞ്ഞു പുതുപ്പെണ്ണു വന്നു കയറുമ്പോൾ ഞങ്ങൾ വെല്യ കൊമ്പത്തെ ആൾക്കാരാണ്, ഞങ്ങളുടെ രീതി ഒക്കെ ഭയങ്കര ഇതാണ് എന്നൊക്കെ കാണിക്കാൻ വേണ്ടി കാണിച്ചു കൂട്ടുന്ന ഈ കോപ്രായങ്ങൾ  ഉണ്ടല്ലോ , അതിനു ഈയാംപാറ്റയുടെ പോലെ ഉള്ള ആയുസ്സല്ലേ? കുറച്ച വർഷങ്ങൾ കഴിഞ്ഞാൽ ഒരുമിച്ച് ജീവിക്കേണ്ടവർ ഒരുമിച്ച് തീരുമാനം എടുക്കുകയും, അവരുടെ സൗകര്യത്തിനു കുടുംബം നടത്തുകയും ചെയ്യും എന്ന് നമ്മൾ വർഷങ്ങൾ ആയി കണ്ടു കൊണ്ടിരിക്കുവല്ലേ. പുതിയതായി ഒരാൾ കൂടെ വന്നതിന്റെ അങ്കലാപ്പിൽ നിക്കുന്ന രണ്ടുപേരെ അവരുടെ വഴിക്ക് വിടുന്നെ അല്ലെ നല്ലത്? അങ്ങനെ വിട്ടില്ലെങ്കിൽ ഭാവിയിൽ ആരെങ്കിലുമൊക്കെ നിങ്ങളെ പറ്റി ഇതുപോലൊക്കെ പറയും. പിന്നെ, പുതിയ പിള്ളേർ അവരെ തന്നെ വിളിക്കുന്നത്  GenZ എന്നാണ്. അതുങ്ങളെ "സ്നേഹിക്കൽ " അതികഠിനം ആയിരിക്കും. നല്ലപിള്ള ചമയലും , സ്നേഹം നടിച്ച്‌ ഉപദേശിച്ച് ചൊറിയലും ഒന്നും അതുങ്ങളുടെ അടുത്ത് ഏല്ക്കില്ല, അവനവൻ പരിക്കേൽക്കേണ്ടി വരും.


(ഞങ്ങൾക്ക് പറ്റിയ അബദ്ധം ഒന്നും നിങ്ങൾക്ക് പറ്റാതെ ഇരിക്കാൻ ഞങ്ങൾ നിങ്ങളെ ആദ്യേ help  ചെയ്യുകയാണ്  എന്ന് പറയാൻ ചെന്നാൽ  GenZ  ക് ടാങ്ങൾ അടിച്ചു നമ്മടെ പല്ലു കൊഴിക്കും)

Wednesday, November 17, 2021

The Solo Traveller🤭

      തനിച്ചൊരു ദിക്കിലേയ്ക്ക് യാത്ര പോവുക എന്നത് തീർത്തും അസാധ്യം ആയിരുന്ന ഒരു കാലം. തൃപ്പുണിത്തുറ-വെണ്ണല യാത്ര മാത്രം പോയ്ക്കൊണ്ടിരുന്ന ഒരു ജീവിതം.വല്ലകാലത്തും സുമിത നാട്ടിൽ വരുമ്പോൾ രണ്ടോ മൂന്നോ ദിവസം തുടർച്ചയായി "കറങ്ങാൻ" പോയാൽ  ഉണ്ടാവുന്ന -"കൊച്ചിനെ ഇങ്ങനെ ശ്രെദ്ധിക്കാതെ ഇരുന്നാൽ അതിന്റെ ഭാവി നശിച്ചു പോകും", "ഇങ്ങനെ പുറത്തുന്നു ഫുഡ്‌ കഴിക്കാൻ എങ്ങനെ സാധിക്കുന്നു ", "ഈ മഴയത്ത് എങ്ങനെ ഇങ്ങനെ നടക്കാൻ തോന്നുന്നു" തുടങ്ങിയ ഐറ്റംസും, കൂടെ ഉള്ള മുഖഭാവ വ്യതിയാനങ്ങളും കണ്ടില്ലന്നു നടിച്ചുകൊണ്ടുള്ള കുറച്ചു കൊച്ചു കൊച്ചു സന്തോഷങ്ങൾ മാത്രം. അവിടെയും ഇവിടെയും ഒക്കെ പോകണം എന്നുണ്ട്, എങ്ങനെ എന്ന് അറിയില്ല. അറിഞ്ഞാൽ തന്നെ അതൊക്കെ വീട്ടിൽ പറയൽ തന്നെ വളരെ ശ്രമകരം! 

അങ്ങനെ ഇരിക്കുമ്പോൾ ആണ് എന്റെ ഏറ്റോം പുതിയ chunk മേനോൻ bro കൊളുത്തി വിട്ട ഒരു spark- "Shalima, you are 36. Start acting your age, don't be scared. Be yourself", അതിന്റെ ലക്ഷ്യം കണ്ടത്. ആ spark ൽ പിടിച്ചു ഞാൻ തനിച് തൃശ്ശൂർക്ക് ഒരു യാത്ര പോയി.

"ഞാൻ വടക്കുംനാഥന്റെ അവിടെ വരെ ഒന്ന് പോയിട്ട് വരാം " എന്ന ഈ വാചകം പറഞ്ഞു തീർക്കുമ്പോഴേയ്ക്കും എല്ലാ മുഖങ്ങളിലും നിറയുന്ന ചോദ്യചിഹ്നങ്ങൾ! എങ്ങനെ എപ്പോ ആരുടെ കൂടെ തുടങ്ങിയ cliche സംഭവങ്ങൾ.  ഇതൊക്കെ പരമാവധി ഒഴിവാക്കാൻ വേണ്ടി പോവുന്നതിന്റെ തലേന്നാണ് ഞാൻ യാത്ര വിളംബരം നടത്തിയത്! രാവിലെ റെയിൽവേ സ്റ്റേഷൻ പോകാൻ ഓട്ടോറിക്ഷയിൽ കയറുന്ന വരെ തുടരുന്ന ചോദ്യങ്ങൾ.

അങ്ങനെ ഞാൻ വിജയകരമായി തനിച്ച് തൃശൂർ യാത്ര നടത്തി തിരിച്ചു വന്നു. ഇപ്പോഴും ഈ കാര്യം കേൾക്കുന്ന ആരും "അതെന്തിനാ ഒറ്റയ്ക്ക് പോയെ, കൂട്ടുകാരെ ആരെ എങ്കിലും വിളിക്കായിരുന്നില്ലേ " എന്ന് ചോദിക്കാതെ സംഭാഷണം അവസാനിപ്പിച്ചിട്ടില്ല. 

അങ്ങനെ ഇരിക്കുമ്പോ ആണ് വയനാട് ന്നു ഒരു കല്യാണം വിളി വരുന്നത്. ഇത്തവണ രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. വയനാട് പോവുക എന്നത് എത്രയോ നാളായി ഉള്ള എന്റെ ആഗ്രഹം ആണ്.  നീണ്ട ചർച്ചകൾ ഒന്നും ഉണ്ടായില്ല. Btw, തീരെ ഒഴിവാക്കാൻ പറ്റാത്ത ഒരു ചർച്ചയ്ക്കിടെ "വയനാട് വരെ ഒക്കെ ഒറ്റയ്ക്ക് പോകാൻ എങ്ങനെ തോന്നുന്നു" എന്ന ചോദ്യത്തിനു മറുപടി ആയി "അപ്പോ ഞാൻ ഒറ്റയ്ക്ക് ഹിമാചൽ പ്രദേശ് പോകുമ്പോളോ?" എന്ന് ഒരു മറുചോദ്യം നല്ല ഫലം ചെയ്തു. 

ഞാൻ ഇരിക്കുന്ന ബസ് താമരശ്ശേരി ചുരം കേറുമ്പോ "Ticking off Thamarassey Churam from the list" ന്നു മനസ്സിൽ പറയുന്ന മിനിറ്റ് ൽ പുറത്ത് വീശുന്ന തണുത്ത കാറ്റ് എന്റെ ഉള്ളിലും നിറഞ്ഞു. 

എന്നെ പോലെ എത്ര എത്ര അമ്മമാർ കൊതിക്കുന്നുണ്ടാവും ഒരു യാത്ര പോകാൻ. എന്നോ മനസ്സിൽ കടന്നു കൂടിയ ആഗ്രഹങ്ങളെ താലോലിച്ചു അവർ വീടിന്റെ ഒരു മൂലയ്ക്ക് ഇരിക്കുന്നുണ്ടാകും. പാസ്സ്പോര്ട്ടും വിസയും apply ചെയ്ത് World Tour  പോകുന്ന കാര്യം ഒന്നുമല്ല ഹേ ഈ പറയുന്നേ, കുഞ്ഞുന്നാൽ തൊട്ടേ മനസ്സിൽ കയറിപ്പറ്റിയ ചെറിയ ആഗ്രഹങ്ങൾ.. ഭർത്താവ്, മക്കൾ, കുടുംബം, ജോലി എന്നൊക്കെ ഓർത്തു എല്ലാം ഉള്ളിൽ കുഴിച്ചു മൂടിയിരിക്കുകയായിരിക്കും. "ഏറെ നാളെയുള്ള എന്റെ ആഗ്രഹം നടന്നു" എന്ന് ആരെങ്കിലും പറഞ്ഞു കേട്ടാൽ എന്നെപോലെ സന്തോഷിക്കുന്ന വേറെ ആരും ഉണ്ടാകില്ല.. 


എന്ന് -

Shalima -(വർഷങ്ങൾക്ക് മുൻപ് സുമിതയേം കൊണ്ട് ലുലു mall വരെ പോകാൻ മാസങ്ങളുടെ തയ്യാറെടുപ്പ് നടത്തിയ, ഓഫീസിൽ പോവുവാണെന്നു കള്ളം പറഞ്ഞു വീട്ടിന്നു ഇറങ്ങി ലുലു mall ൽ  One Day trip പോയി വന്ന)


Monday, July 12, 2021

മഴയോർമ്മ

 എന്റെ ഏറെ നാൾ ആയുള്ള ആഗ്രഹമാണ് മഴയെ പറ്റി എന്തെങ്കിലും ഒന്ന് എഴുതണം എന്നത്.  വലിയ എഴുത്തുകാരൊക്കെ എഴുതുന്നത് കണ്ടിട്ട് "മഴയെ പ്രണയിക്കുന്നവൾ" "മഴയുടെ കൂട്ടുകാരി" എന്നെല്ലാം ഞാൻ എന്നെ പറ്റി വിചാരിക്കുന്നുണ്ടെങ്കിലും അത് ശെരിക്കും അങ്ങനെ അല്ല എന്ന് എനിക്കിപ്പോ മനസ്സിലായി. എന്താന്നു വെച്ചാൽ മഴയെ പറ്റി എനിക്ക് ഒന്നും ഇത് വരെ എഴുതാൻ പറ്റിയിട്ടില്ല. ഇപ്പൊ തന്നെ എത്ര തവണ എഴുതി മായ്ച്ചു. മനസ്സിൽ ഞാൻ കരുതിവെച്ചിരിക്കുന്ന പോലെ പ്രണയാർദ്രമായ വികാര തീവ്രമായ മഴയോർമ്മകൾ ഒന്നും തന്നെ എനിക്കില്ല! (So sad)


Ente ഏറ്റവും പഴയ മഴയോർമ ഞാൻ പറയട്ടെ - ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ആണ്. ഓട്ടോറിക്ഷയിൽ ആണ് സ്കൂളിൽ പോയിരുന്നത്. Window side ഇരുന്നത് കൊണ്ട് ഒരു ദിവസം രാവിലെ അടിമുടി നനഞ്ഞു. ക്ലാസ്സിൽ ചെന്നപ്പോൾ ടീച്ചർ എന്റെ pinafore ഊരി മാറ്റാൻ പറഞ്ഞു. നാണക്കേട് കാരണം ഞാൻ കരച്ചിലിന്റെ അറ്റത്തു എത്തിയെങ്കിലും കാര്യമൊന്നും ഉണ്ടായില്ല. ആഗ്നസ് ടീച്ചർ എന്നെ കൊണ്ട് അത് ചെയ്യിച്ചു. വേറെ കുറെ കുട്ടികളും pinafore മാറ്റിയെങ്കിലും അവർക്കൊക്കെ അടിയിൽ petticoat ഉണ്ട്‌. എനിക്ക് അത് ഇല്ലാത്തതിന് ഞാൻ അവിടിരുന്നു അമ്മയെ കുറെ ശപിച്ചു. അങ്ങനെ ഒരു ഷർട്ടും ജെട്ടിയും ഇട്ട് ഞാൻ ക്ലാസ്സിൽ ഇരുന്നു. അരയ്ക്ക് കീഴ്പോട്ട് ആരും കാണില്ലല്ലോ എന്ന ഓവർ കോൺഫിഡൻസിൽ ഞാൻ ഡെസ്കിന്റെ അടിയിൽ കാൽ വെച്ച് ഇരിക്കുകയാണ്. അപ്പോളാണ് "മോങ്ങാനിരുന്ന നായിന്റെ തലയിൽ തേങ്ങ വീണത്". ടീച്ചർ പറയുകയാണ് -ഇപ്പോൾ പ്രോഗ്രസ്സ് കാർഡ് തരും, ഒരു ടെക്സ്റ്റ്‌ ബുക്ക്‌ കയ്യിൽ എടുത്തോണ്ട് നമ്മൾ അങ്ങോട്ട് ചെല്ലണം, പ്രോഗ്രസ്സ് കാർഡ് safe ആയി അതിൽ ടീച്ചർ വെച്ചു തരും. ഹോ! ഇത്രേം മനുഷ്യരുടെ എടേൽ കൂടെ ജെട്ടിപ്പൊറത്ത് ഞാൻ നടന്നു ചെന്ന് അത് മേടിച്ചു കൊണ്ട് വരുന്ന സീൻ ഓർത്തു എനിക്ക്  പറഞ്ഞറിയിക്കാൻ വയ്യാത്ത അവസ്ഥ.. ദൃധംഗപുളകിത അല്ലാത്ത കൊണ്ട് ഒരു "ശാർദ്ദൂലവിക്രീഢിതം". പറഞ്ഞു വരുമ്പോ ഞാൻ ക്ലാസ്സിൽ സെക്കന്റ്‌ റാങ്ക് ആണ്. പറഞ്ഞിട്ടെന്താ കാര്യം, റാങ്കുകാരിക്ക് "ജെട്ടി വീക്രീഢിതം".

ശാലിമ. സി. പി - ടീച്ചർ പേര് വിളിച്ചു.

കയ്യിൽ ഒരു ടെക്സ്റ്റ്‌ ബുക്ക്‌ എടുത്തു നിവർത്തി പിടിച്ച്, ഷർട്ട്‌ വലിച്ചു വലിച്ചു താഴോട്ടു നീക്കി മന്ദം മന്ദം ഞാൻ നടന്നു ചെന്നു. 1st, 2nd, 3rd റാങ്കുകാർക്ക് പ്രോഗ്രസ്സ് റിപ്പോർട്ട്‌ മേടിക്കുമ്പോ കയ്യടിയും ഉണ്ട്‌. പൊളി!!

ഞാൻ പാവാടയോ ബ്ലൗസോ ഒക്കെ ഇടാൻ മറന്നിട്ടു ബസിൽ കേറി യാത്ര പോവുന്ന സ്വപ്നം കാണൽ ഞാൻ ഇന്നും നിർത്തിയിട്ടില്ല. എങ്ങനെ നിർത്തും, അത്രേയ്ക്കല്ലേ അന്ന് ഞാൻ അനുഭവിച്ചത്.

Wednesday, August 7, 2019

Seashore അഥവാ മീൻ കാരി

ഹാ! ഞാൻ ഏറ്റവും അധികം കേട്ടു തഴമ്പിച്ച 2 പദപ്രയോഗങ്ങൾ ആണു Seashore, മീൻ കാരി.
ലോകത്ത് എവിടേക്ക് താമസം മാറ്റിയാലും ഈ കൊച്ചി ഭാഷ നമ്മടെ നാവീന്നു പോവൂല്ല ! ഇത്രേം വർഷം കൊച്ചിയിൽ നിന്ന് വിട്ടു നിന്നിട്ടും എന്തെ ഭാഷ മാത്രം മാറാത്തെ ന്നു എന്നോട് കുറെ പേര് ചോദിച്ചിട്ടുണ്ട്. മറുപടി പറയാം.
കൊച്ചിയും കൊച്ചി ഭാഷയും എന്റെ കുട്ടിക്കാലവും എന്റെ ആത്മാവിലാണ് കുത്തി ഇറങ്ങിയിട്ടുള്ളത്.
ചാണകം മെഴുകിയ തറയുള്ള ഞങ്ങളുടെ കൊച്ചു വീട്ടിൽ തുടങ്ങുകയായി എന്റെ പള്ളുരുത്തി നൊസ്റ്റാൾജിയ (പിന്നീട് എപ്പോഴോ അത് red oxide തിണ്ണ ആയി).
വെളുപ്പിന് 7 മണിക്ക് പാൽ മേടിക്കാൻ എന്റെ അമ്മ എന്നെ ലക്ഷ്മി അമ്മൂമ്മയുടെ വീട്ടിലേയ്ക്ക് പറഞ്ഞയക്കുന്നതോടു കൂടി എന്റെ ദിവസം ആരംഭിക്കുകയായി.

നമ്മുടെ വീടിനു മുന്നിലേ കണ്ടത്തിൽ കുട്ട പുറകിൽ കെട്ടി, ചേച്ചിമാർ "മീൻ തപ്പുന്നുണ്ടാകും ". അവർ simple ആയിട്ട് മീൻ തപ്പി എടുത്ത് കുട്ടയിൽ ഇടുന്നത് ഞാൻ കുറച്ചു നേരം നോക്കി നിക്കും.

പോകുന്ന വഴിക്ക് വഴിയരുകിൽ നിക്കുന്ന എല്ലാ തൊട്ടാവാടിയും ഞാൻ വാട്ടും.

കുയിൽ പാടുന്നുണ്ടെങ്കിൽ ഏറ്റു പാടും, അത് പറന്നു പോകുന്ന വരെ !

ലക്ഷ്മി അമ്മൂമ്മയുടെ വീട്ടിലെ അമ്പഴങ്ങ മരത്തിൽ നിന്ന് അമ്പഴങ്ങ പൊട്ടിക്കും.

പാലിനുള്ള പാത്രം വാതിൽപ്പടിയിൽ വെച്ചിട്ട് അവരുടെ കുളക്കരയിലേക്ക് ഓടും. അതിനു ചുറ്റും നട്ടു പിടിപ്പിച്ചിട്ടുള്ള അണ്ണാറചക്ക തൈകളെ നോക്കും. അതിൽ ഒരു pine apple നോട്‌ ഞാൻ എന്നും ചോദിക്കുമായിരുന്നു, നീ എന്താ വലുതാവാത്തെ?

കവുങ്ങിന്റെ കീഴെ കൂട്ടി ഇട്ടിട്ടുള്ള അടയ്ക്കകൾ പല വട്ടം എണ്ണി നോക്കും.

പാലും മേടിച്, ഉറങ്ങി എണീറ്റു നിക്കുന്ന തൊട്ടാവാടികളെ വീണ്ടും ഉറക്കി ഞാൻ വീട്ടിലെത്തും.

ഇത്രയും നേരം വൈകിയതിന് അമ്മ എന്നെ വഴക്ക് പറയും.

എന്റെ അച്ഛൻ നമ്മുടെ അടുത്ത് തന്നെ സെബാസ്റ്റ്യൻ ചേട്ടന്റെ ഐസ് കമ്പനി യിൽ ഡ്രൈവർ ആയിരുന്നു. ജോലി കഴിഞ്ഞ് അച്ഛൻ എത്തുന്നത് നോക്കി ഞാനും ശ്യാം ഉം ഇരിക്കും. അച്ഛനാണ് അന്നും ഇന്നും എന്റെ ഹീറോ. പണി കഴിഞ്ഞ് ഒരു കവർ നിറയെ ഞങ്ങൾക്ക് പലഹാരവും ആയിട്ട് വരും. ഞങ്ങൾ 3 പേരും അന്നത്തെ വിശേഷം പങ്കു വെയ്ക്കും. Situation ഒന്നു പൊലിപ്പിക്കാൻ വേണ്ടി ഞാൻ അഭിനയിച്ചു കൂടെ കാണിക്കും. അപ്പോഴേയ്ക്കും dinner കഴിക്കാൻ ആകും. ഞങ്ങൾ 3 പേരും തറയിൽ ഇരുന്നു കഴിക്കും . അപ്പോഴും വിശേഷം പറച്ചിൽ തുടരും.
ഇനിയിപ്പോ ഉറക്കം ആണു, കാരണം ടീവി ഇല്ല. "അച്ഛേ, ഇന്ന് നമുക്ക് ഉറങ്ങണ്ട, ഞാൻ ഒരു കഥ പറയാം" എന്നും പറഞ്ഞു ഞാൻ കിടക്കും. അച്ഛനും ശ്യാം ഉം ഒന്നു മിണ്ടി തുടങ്ങുമ്പോളേക്കും ഞാൻ സ്വിച്ച് ഓഫ്‌ ആക്കുന്ന വേഗത്തിൽ ഉറങ്ങി പോകും.

തുലാമഴയും ഇടവപ്പാതിയും ഒക്കെ നമ്മുടെ അടുക്കളയിലും എത്തും. ചോർന്നു വീഴുന്ന ഇടം നോക്കി ഞങ്ങൾ ബക്കറ്റ്‌ വെയ്ക്കും.

ഞങ്ങൾ - രമ്യ, നീതു, വിബിന, ശാരു - ഇവരാണ് എന്റെ കൂട്ടുകാർ. ഞങ്ങൾ കൂട്ട് കൂടി കോണം മുരുകന്റെ അമ്പലത്തിലേ താലം എടുക്കും. വെളിയമ്പലത്തിൽ ഉത്സവം കൊടിയേറ്റ് കാണാൻ പോവും. പൂയക്കാവടിക്കു പോകും. ആറാട്ട് ഉത്സവത്തിന് കോടി ഉടുത്തു പോകും.
പെരുമ്പടപ്പ് പള്ളിയിൽ പെരുന്നാള് കാണാൻ പോകും.
ഏറനാട്ട് അമ്പലത്തിൽ തൃക്കാർത്തിക വിളക്കിനു പോകും.

നമുക്ക് കളിക്കാൻ ചില്ലറ പട അല്ല ഉള്ളത് - ശ്യാം, ശാരീഷ്, രതീഷ്, അഭി, വിജീഷ്, ബാലു, പ്രശോഭ് എല്ലാവരും എത്തും. കഞ്ഞിയും കൂട്ടാനും വെച്ചു കളിക്കും. കണ്ടത്തിലേയ്ക്ക് ചാഞ്ഞു കിടക്കുന്ന തെങ്ങിൽ കേറി ഇരുന്നു കുലുക്കും. പടിഞ്ഞാറ് കുളത്തിൽ നിക്കുന്ന ആമ്പലുകൾ പൊട്ടിച്ചു പരിപ്പ് എടുത്തു തിന്നും. ക്രിക്കറ്റ്‌ കളിക്കും. ഇടയ്ക്ക് അടിയുണ്ടാക്കി പിരിയും. വീണ്ടും ഒത്തു കൂടും.
മറ്റേത് നാട്ടിലെയും പോലെ ഞങ്ങൾക്കും ഉണ്ടായി വർണ്ണശബളമായ ഒരു കുട്ടിക്കാലം. മീൻ പിടുത്തവും മീൻ കച്ചവടവുമായി ബന്ധപ്പെട്ടു കിടക്കുന്ന ജീവിതങ്ങൾ ആണു ഞങ്ങൾക്ക് ചുറ്റും - ബഹുഭൂരിഭാഗം, അതാണ്‌ ഒരേ ഒരു വെത്യാസം. അതിന്റെ ഭാഗമായി മത്സ്യ തൊഴിലാളികളുടെ masterpiece slang നമ്മുടെ നാവുകളിലും അധികാരം സ്ഥാപിച്ചു.

ഇത്ര മനോഹരമായ ഓർമ്മകൾ ഉറങ്ങുന്ന എന്റെ ആത്മാവിൽ നിന്ന് പുറപ്പെടുന്ന എന്റെ കൊച്ചി ഭാഷ ! അത് ഞാൻ മാറ്റണോ? 

Sunday, July 21, 2019

പാലക്കാട്‌ (അല്ലെങ്കിൽ നിള നദി)

രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് ഭാരതപ്പുഴയോടുള്ള എന്റെ സ്നേഹം . 6 വയസ്സിലും ഒരു ഡയലോഗ് എന്റെ ഹൃദയത്തിൽ ഒരു മുറിവ് ഉണ്ടാക്കി. "ഏറ്റവും വലിയ പുഴ - ഭാരതപ്പുഴ , പക്ഷെ ഇന്ന് അതിൽ വെള്ളമില്ല !" ഇന്ന് ഇത് എഴുതുമ്പോളും എന്റെ ക്ലാസ് മുറിയും , ആഗ്‌നസ് ടീച്ചറും, ഈ ഡയലോഗ് കേൾക്കുന്ന കുഞ്ഞു ശാലുനേം എനിക്ക് ക്ലിയർ ആയിട്ട് കാണാം . . അന്ന് തൊട്ടു എനിക്ക് കട്ട ശോകം ആണ് ഭാരതപ്പുഴ !. അപ്പൊ , അന്നേ എന്റെ ഒരു മിഷൻ ആണ് , ഭാരതപ്പുഴ revamp ചെയ്യണം എന്നുള്ളത് 🤭
അങ്ങനെ ഒരു എട്ടാം ക്ലാസ്സിൽ ഒക്കെ എത്തിയപ്പോ ഞാൻ കുഞ്ഞു വായന തുടങ്ങി . ഒന്നും അറിയാണ്ട് തന്നെ , MT ടെ നോവൽ എന്നെ വല്ലാണ്ട് ആകർഷിക്കുകയാണ്.. ആരും പറഞ്ഞിട്ടില്ല .. ഒന്നും അറിഞ്ഞൂടാ . ഒരിക്കെ അങ്ങ് ഇഷ്ടായി. പിന്നെ കുറച്ചു വായിച്ചു . അങ്ങനെ എന്തോ വായിക്കുന്നതിന്റെ ഇടയ്ക്കാണ് ആ നല്ല പിടയ്ക്കുന്ന ഡയലോഗ് എന്റെ ഉള്ളിൽ കയറി പറ്റുന്നത് .
It reads something like this... ഗംഗയും യമുനയും കാവേരിയും പ്രഗത്ഭർ തന്നെ. ഞാൻ അവരെ ബഹുമാനിക്കുന്നു . എന്നാൽ എനിക്കേറെ ഇഷ്ടം എന്റെ ഈ കൊച്ചു നിളാ നദിയെ ആണ്.
👆🏻ഇതങ്ങോട്ട് വായിച്ചിട്ട് എനിക്ക് ഒരു രക്ഷയില്ല !! എനിക്കും അങ്ങനെ തന്നെ ആണല്ലോ എന്ന് ശക്തമായ തോന്നൽ

നിളയോടുള്ള എന്റെ സ്നേഹം പ്രണയത്തിനു വഴി മാറി !

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ കമലദളം പാട്ടുകൾ ടീവിയിൽ വരുമ്പോൾ ഒരു aim ഉം ഇല്ലാതെ ഞാൻ നോക്കിയിരുന്നത് ബാക്ക് ഗ്രൗണ്ടിൽ നിള യെ ആണു. നിളയുടെ സൗന്ദര്യം കമലദളത്തിൽ കാണിച്ചിരിക്കുന്ന പോലെ മറ്റൊരിടത്തും ഞാൻ കണ്ടിട്ടില്ല ... ഞാൻ ഇന്നും കമലദളം കാണുമ്പോൾ നോക്കുന്നത് ലാലേട്ടനെ അല്ല .. ഭാരതപ്പുഴയെ ആണ് ...

ഭാരതപ്പുഴയോടുള്ള എന്റെ സ്നേഹം എന്റെ വളരെ അടുത്ത കൂട്ടുകാർക്കും അറിയാം . ട്രെയിൻ നിളയുടെ മുകളിൽ എത്തുമ്പോ ഫ്രാങ്കോ എന്നെ വിളിക്കും .. "എടി ഞാൻ നിന്റെ നിളാ നദിയുടെ മുകളിലൂടെ ഇതാ പോകുന്നു ..." എന്ന് വളരെ ഡ്രമാറ്റിക് ആയിട്ട് പറയും.

പ്രളയം വന്നു കേരളം പേടിച്ച് അരണ്ടിരിക്കുമ്പോഴും , അങ്ങനെ എങ്കിലും പ്രതാപം വീണ്ടെടുത്ത് കുലം കുത്തിയൊഴുകുന്ന എന്റെ നിളാ നദിയെ ഓർത്തു ഈ വെണ്ണലയിൽ ഇരുന്നു ഞാൻ ആരും അറിയാതെ സന്തോഷിക്കുകയായിരുന്നു .

ഞാൻ കുട്ടി ആയിരിക്കുമ്പോ തന്നെ പാലക്കാട്‌ എനിക്ക് ഒരുപാട് ഇഷ്ടമാണ് . പഴനിക്ക് പോണ വഴിക്ക് ഞാൻ കുറെ ആസ്വദിക്കാറുണ്ട് പാലക്കാടിന്റെ സൗന്ദര്യം.

പിന്നെ 2008 ഇൽ Bangalore ന്നു ബസ് കയറിയിട്ട്, 'Welcome to God's own Country' ബോർഡ്‌ കാണാൻ വേണ്ടി ഞാൻ കണ്ണ് തുറന്നിരിക്കും . Bangalore ഇൽ എനിക്കുണ്ടായിരുന്ന സകലമാന പ്രശ്നങ്ങളും (തുമ്മൽ, ജലദോഷം , dry skin etc.) ഈ ബോർഡ്‌ കണ്ട വഴിക്ക് പമ്പ കടക്കും !
എന്റെ ഡ്രീം places എല്ലാം കല്യാണം കഴിഞ്ഞു കാണാൻ പറ്റും എന്ന ഒരൊറ്റ പ്രതീക്ഷയിലാണ് ഞാൻ ജീവിച്ചിരുന്നത് . കല്യാണം കഴിഞ്ഞും എനിക്ക് നല്ല പ്രതീക്ഷ ആയിരുന്നു (ഇപ്പൊ അത് മാറി. യാഥാർഥ്യവുമായി ഞാൻ താദാത്മ്യം പ്രാപിച്ചു ). കല്യാണത്തിന്റെ നാലാം വർഷം അമ്പു നെ മടിയിൽ ഇരുത്തി കൊണ്ട് ഒരു വട്ടം ഞാൻ എബിക്ക് കത്തെഴുതി. "പാലക്കാടിന്റ്റെ ഉൾഗ്രാമങ്ങളിലൂടെ എനിക്കൊരു യാത്ര പോകണം . എത്രയോ കാലമായുള്ള എന്റെ ആഗ്രഹം ആണ് അത് ..അമ്പാടി കണ്ണനെയും കൂട്ടി ഒരു യാത്ര ഇനി എപ്പോ ആണാവോ ഉണ്ടാവുക ".
"ചെറുക്കന് 1 വയസ്സാകട്ടെ .. ഞാൻ കൊണ്ട് പോകാം" എന്ന് പറഞ്ഞു അവൻ എന്നെ കൊതിപ്പിച്ചു കടന്ന് കളഞ്ഞു..

പാലക്കാട് നു പോകണം എന്നത് എന്റെ വലിയ ഒരു സ്വപ്നം ആണ് ന്നു പറയുമ്പോൾ , Europe trip കഴിഞ്ഞു വന്നു പയർ പോലെ നിക്കുന്ന Franco യ്ക്കും Next vacation Singapore വേണോ Bali വേണോ ന്നു കൺഫ്യൂഷൻ അടിക്കുന്ന മോനും ഒക്കെ എന്ത് വികാരം ആണോ എന്തോ !!!
But I repeat...
Europe ഉം Singapore ഉം ഒക്കെ സൂപ്പർ തന്നെ. ഞാൻ അവരെയൊക്കെ ബഹുമാനിക്കുന്നു ...
പക്ഷെ എനിക്ക് അതിലേറെ ഇഷ്ടം എന്റെ ഈ കൊച്ചു കേരളം ആണ് ...പാലക്കാട്‌ ആണ്...
കേരളത്തിന്റെ നിലവറയായ പാലക്കാട്‌ പോവുന്നതും , നിളാ നദിയുടെ തീരങ്ങളിൽ ഇരുന്ന് കാറ്റ്‌ കൊള്ളുന്നതും ആണ് എന്റെ ഏറ്റവും വലിയ സ്വപ്നം !

എനിക്ക് നാവാ മുകുന്ദനെ കാണണം ... കേരള കലാമണ്ഡലം കാണണം .. കല്പാത്തി തെരുവിൽ പോണം ...ഉത്രാളി കാവിൽ കൊടിയേറ്റ് കാണണം .. വരിക്കാശ്ശേരി മന കാണണം .. പറ്റിയാൽ അഗ്രഹാരങ്ങൾ കാണണം .. നെൽ വയലുകളുടെ ഗന്ധം വലിച്ചു മൂക്കിൽ കയറ്റണം... നല്ല കറ തീർന്ന വള്ളുവനാടൻ ഭാഷ കേൾക്കണം ..

പാലക്കാടിന്റ്റെ സിരകളിലൂടെ ഒരു യാത്ര .. അതു വേണം !

Saturday, July 13, 2019

ഒരു Quick Ride അപാരത!

"ഇനി ഒരു മനുഷ്യക്കുഞ്ഞിനോട് ഞാൻ കൂട്ട് കൂടാൻ ഇല്ല " എന്ന് ഞാനും സുമതിയും# പ്രതിജ്ഞ എടുത്ത് അത് പാലിച്ചു കൊണ്ട് നടക്കുന്ന കാലം. വേറെ ഒന്നും കൊണ്ടല്ല. ഇനി പുതിയ പുതിയ സങ്കടങ്ങൾ കേൾക്കാൻ വയ്യ! എന്റെ മുഖം കണ്ടാൽ ആർക്കായാലും ഒന്നു സങ്കടം പങ്കു വെയ്ക്കാൻ തോന്നും (സുമതിയുടെയും. അങ്ങനെ ആണല്ലോ ഞാൻ അവളുടെ തലയിൽ ആയത് 🤭)എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതൊക്കെ കേട്ട് വിട്ടു കളയാൻ നമുക്ക് പറ്റുന്നില്ല. നമ്മടെ പ്രശ്നങ്ങൾ തന്നെ വേണ്ടതുണ്ട്. അപ്പൊ ഇനി പുതിയ കേസുകൾ വയ്യ ! അത് തന്നെ..
അപ്പൊ, എന്റെ ഹൃദയത്തിന്റെ ഭിത്തി ഞാൻ സീൽ ചെയ്തു വെച്ചിരിക്കുന്നു, "പ്രവേശനം ഇല്ല"

ഞാൻ സ്ഥിരമായി ഓഫീസിൽ പോയി കൊണ്ടിരുന്നത് പ്രവീൺ ന്റെ ഓട്ടോ യിൽ ആണു. ഓട്ടോ ടെസ്റ്റ്‌ നു കയറ്റിയതോടു കൂടി ഞാൻ പെട്ടു. ഒരുങ്ങി കെട്ടി ഗേറ്റ് ൽ നിക്കണം. ഏതെങ്കിലും ഓട്ടോ പ്രത്യക്ഷപ്പെടുന്നത് വരെ വെയിറ്റ് ചെയ്യണം. അങ്ങനെ 'total discomfort' സീൻ.
പ്രവീൺ നെ ഒന്നരാടം വിളിക്കും. വണ്ടി റെഡി ആയോന്ന് ചോദിക്കും. ഒരു ദിവസം അവന്റെ ഭാര്യ ഫോൺ എടുത്തപ്പോ, നിന്റെ കെട്ടിയോൻ എന്നെ ഇപ്പൊ ഡെയിലി തേയ്പ്പാണ് എന്നും പറഞ്ഞു ഫോൺ വെച്ചു.

പെട്ടെന്നാണ് ക്വിക്ക് റൈഡ് തലയിൽ മിന്നിയത്. കൂട്ടു കൂടൽ ബുദ്ധിമുട്ട് കാരണം ക്വിക്ക് റൈഡ് ൽ കേറി മസ്സിൽ പിടിച്ചിരിക്കുന്ന എന്നെ ഓർത്ത് ഞാൻ തന്നെ അത് ഒരിക്കെ വേണ്ടന്നു വെച്ചതാ.

അങ്ങനെ ക്വിക്ക് റൈഡ് തുറന്നു. കാലങ്ങൾക്ക് ശേഷം.. എന്റെ Quick Ride Season - 2

9.20 നു ഒരു QR" സെറ്റ് ആയി. പതിവ് പോലെ ചാറ്റ് വിട്ടു.
SA: Hey there? .. are u ready for 9.20 QR?
QR : yes.
SA: where should i wait?
QR: you live next to travancore appartments, is it? Enikku ariyam. We came together once in QR.
(എന്റെ memory signals കുറച്ചു മാസം പിന്നിലേക്ക് ഓടി )
SA: ആഹാ, ഇപ്പോ എനിക്ക് ആളെ മനസിലായി!
-------------------------------------------------------------------
അതായത്, നവംബർ 2018 ൽ ആണു. നമ്മുടെ വെണ്ണല ഇൻഫോപാർക്ക്‌ റോഡ് പൊട്ടി പൊളിച്ചു ഇട്ടിരിക്കുന്ന സമയം. നമ്മൾ techies ഓരോ ഇടവഴി താണ്ടി വെണ്ണല എത്തിയിരുന്ന കാലം. ഈ പുള്ളിയെ ഒരു വൈകുന്നേരം ഞാൻ QR ഇട്ട് പിടിച്ചു. ഒരു ഇടവഴി എത്തിയപ്പോ കട്ട ബ്ലോക്ക്‌.
QR :ഇന്ന് വരെ ഈ വഴിയിൽ ബ്ലോക്ക്‌ ഉണ്ടായിട്ടില്ല
SA: ഇത് എന്റെ ഐശ്വര്യം തന്നെ!

QR : ഓ, നിങ്ങൾ എവിടെ ചെന്നാലും ഇങ്ങനെ തന്നെ?
SA : തന്നെ തന്നെ
നിനച്ചിരിക്കാതെ Ice ബ്രേക്ക് aayi. പുള്ളിയുടെ കഷ്ടകാലം.  ഇനീപ്പോ എന്റെ നാവിനുണ്ടോ  ബെല്ലും ബ്രേക്കും . എന്റെ കല്യാണം, total വർക്ക്‌ എക്സ്പീരിയൻസ്, Aby, അമ്പു എന്ന് വേണ്ട എന്റെ കംപ്ലീറ്റ് ഡീറ്റെയിൽസ് താലം ഞാൻ കൈമാറി. എന്നിട്ടും ബ്ലോക്ക്‌ തീരാഞ്ഞിട്ട്  എന്റെ ഫ്രണ്ട്‌സ് - സുമിത, സുബിൻ (മോൻ ),  ഫ്രാങ്കോ,  ദീപ,   തൃപ്പുണിത്തുറ - പേരിന്റെ ഉത്ഭവം, രാജാവ്, കൊട്ടാരം, വൃശ്ചികോത്സവം, തൃക്കേട്ട, പെരുവനം കുട്ടൻ മാരാർ ഇത്യാദി സകല കഥകളും !
"സ്വന്തം കാർ ആയി പോയി, ഇല്ലെങ്കി ഇറങ്ങി ഓടാരുന്നു " എന്ന് പുള്ളി വിചാരിക്കുന്നതായി എന്റെ മനസ്സ് പറഞ്ഞപ്പോ ഞാൻ പതിയെ നിർത്തി. ഒരു മഴ പെയ്തു തോർന്ന പോലെ പുള്ളിക്ക് ഫീൽ ചെയ്‌തു കാണണം.
വെണ്ണല എത്തി, ഞാൻ നന്ദി രേഖപ്പെടുത്തി ഇറങ്ങി !
-------------------------------------------------------------------
അപ്പൊ ഇപ്പോഴും കക്ഷിക്ക് എന്റെ ക്വിക്ക് റൈഡ്
റിക്വസ്റ്റ് accept ചെയ്യാൻ ധൈര്യമുണ്ട്. അത് മതി.
ഷാർപ് ടൈം, ആൾ എത്തി. ഞാൻ ഓടി കേറി. ആൾ വളരെ സീരിയസ് matured ലുക്ക്‌ ഉള്ള ആളാണ്‌. ഞാൻ ചുമ്മാ ഇടിച്ചു കയറി കളി പറയാൻ നിന്നില്ല.
പുള്ളി അവിയൽ ബാൻഡ് ന്റെ ആളാണ്‌. ഈ പാട്ട് നന്നായിട്ടുണ്ട് അല്ലെ ന്നു ഇടയ്ക്കെടയ്ക്ക് ചോദിക്കും. ഞാൻ അതെ ന്നു ഭവ്യത യോടെ പറയും.
പിന്നെ ഓഫീസ് എത്തുന്നത് വരെ, റോഡ്, ട്രാഫിക്, കേരളത്തിന്റെ ക്ലൈമറ്റ് ഇതിനെ ഒക്കെ കുറെ കുറ്റം പറഞ്ഞു. ഇടയ്ക്ക് ന്നു വേറൊരു കുട്ടി കൂടെ കേറി. ഞങ്ങൾ 3 ആളും കൂടെ സെറ്റ് ആയിട്ട് പോയി.
പിന്നെ അത് സ്ഥിരമായി.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ നമ്മുടെ പുള്ളി, "ഷാലിമ അന്ന് തൃപ്പുണിത്തുറ യെ പറ്റി ഒക്കെ പറഞ്ഞില്ലേ, that was interesting !."
ഞാൻ ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ ധൃതങ്ഗ പുളകിതയായി !
പിന്നീടങ്ങോട്ട് പുള്ളിക്ക് ഞാൻ ചെവി തല കേൾപ്പിച്ചിട്ടില്ല. കേറി ഇരിക്കുമ്പോ തൊട്ട് ഇറങ്ങുന്ന വരെ കഥകൾ.
The guy calls it - തൃപ്പുണിത്തുറ/പള്ളുരുത്തി diaries.
പിന്നെ എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലോ. എന്റെ കത്തി മടുത്തപ്പോ ആണെന്ന് തോന്നുന്നു, പുള്ളി ഒരു ദിവസം എന്നോട് "ഷാലിമയ്ക്ക് എഴുതിക്കൂടെ, your narration is good. ഇതൊക്ക എഴുതിയിട്ട് ഒരു ലിങ്ക് ഷെയർ ചെയ്താ പോരെ". അപ്പൊ തന്നെ എന്റെ ബ്ലോഗ് share ചെയ്തു.
പ്രതീക്ഷിച്ച പ്രോത്സാഹനം കിട്ടി. അപ്പൊ, ഇത്രേം ദിവസായി പറഞ്ഞു കേൾപ്പിക്കുന്ന തൃപ്പുണിത്തുറ - പള്ളുരുത്തി diaries എഴുതാൻ പ്രോത്സാഹനം തുടങ്ങി . പള്ളുരുത്തി കഥകൾ ഒരു 2-3 പാരഗ്രാഫ് എഴുതി. വീണ്ടും വൻ പ്രോത്സാഹനം. "എഴുതു കേട്ടോ"

സിംപിൾ ആയിട്ട് പറഞ്ഞാൽ പുള്ളി നൈസ് ആയിട്ട് എന്നെ ഒഴിവാക്കി, നാട്ടുകാരുടെ തലയിൽ ഇട്ടു കൊടുത്തു. "ഇതൊക്കെ അവന്മാരൂടെ അനുഭവിക്കട്ടെ "

എന്റെ Quick Ride ദൈവങ്ങളെ... അനുഗ്രഹിക്കണേ
ഞാൻ എന്റെ ബ്ലോഗ് സീസൺ 2 ആരംഭിക്കുന്നു.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
QR" - പ്രസ്തുത കക്ഷി ഇൻഫോപാർക്ക്‌ ലെ പ്രശസ്തമായ ഒരു കമ്പനി യിൽ ഉന്നത പദവി അലങ്കരിക്കുന്ന വ്യക്തി ആണു. അതു കൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല.

#സുമതി - സുമിത*, എന്റെ chunkz. മോനും* ഫ്രാങ്കോ* യും ചേർന്ന് അതിനെ സുമതി ആക്കി

* ഈ star ഇട്ടു വെച്ചിരിക്കുന്നത് ഒക്കെയും എന്റെ ജീവന്റെ ജീവനായ chunkz 🥰

Tuesday, February 14, 2012

ചില pregnancy ചടങ്ങുകള്‍

അങ്ങനെ ആറ്റുനോറ്റിരുന്നു ആ വിശേഷം ആഗതമായി!
 Pregnancy Test positive ആണെന്ന് എനിക്ക് തന്നെ വിശ്വസിക്കാന്‍ പറ്റുന്നില്ല, പിന്നെ എങ്ങനെ Aby(എന്റെ ഭര്‍ത്താവ്) വിശ്വസിക്കും! ആകെ അന്തം വിട്ടിരിക്കുന്ന എന്റെ കയ്യില്‍ നിന്നും test card വാങ്ങി ഏതോ 'വലിയ' ഡോക്ടര്‍ നെ പോലെ Aby പരിശോധിക്കുന്നു. 
ഇത് മേടിക്കുക്മ്പോള്‍ എത്ര വര കാണും? പോസിറ്റീവ് ആണെങ്കില്‍ എത്ര വര? നെഗറ്റീവ് ആണെങ്കില്‍ എത്ര വര ? തുടങ്ങിയ ചോദ്യങ്ങള്‍ !! 

എങ്ങനെയും ഒന്ന് നേരം വെളുപ്പിച്ചു ഞാന്‍ ഓരോരുത്തരെ ആയി ഫോണ്‍ ഇല്‍ വിളിക്കാന്‍ തുടങ്ങി. സ്വതവേ സെന്റിമെന്റല്‍ ആയ എന്റെ വല്യമ്മ മാത്രം കരഞ്ഞു . ബാക്കി എല്ലാരും ചിരിച്ചു. :) 
എന്റെ അമ്മച്ചി (mother in law) നല്ലോണം control ചെയ്തു. ഡോക്ടര്‍ ഇനെ കണ്ടിട്ട് നമുക്ക് ഉറപ്പിക്കാം എന്ന് പറഞ്ഞു. എനിക്കും സമ്മതം. 

അങ്ങനെ അത് അങ്ങ് ഉറപ്പാക്കി. എല്ലാര്‍ക്കും സന്തോഷം.ഫോണ്‍ വിളികള്‍, പതിവ് ഉപദേശങ്ങള്‍ ... കുനിയണ്ട, നിവരണ്ട, നടക്കണ്ട, ഇരിക്കണ്ട, ഓടണ്ട, ചാടണ്ട .. അങ്ങനെ..

പക്ഷെ , കാര്യം ഇതൊന്ന്നുമല്ല. ഈ 'വിശേഷ' ത്തോട് അനുബന്ധിച്ച് കുറച്ച 'ചടങ്ങുകള്‍' ഉണ്ട്. ചടങ്ങുകള്‍ ഒഴിവാക്കാന്‍ പറ്റാത്തവയാണ്.

മുന്‍പിലെ വീട്ടിലെ കോമള ചേച്ചി ആണ് അമ്മച്ചിയുടെ തലയില്‍ ആദ്യമായി 'ചടങ്ങ്' ലഡ്ഡു പൊട്ടിച്ചത്
ഒരു ഉച്ച സമയത്ത്, ചോറൂണ് കഴിഞ്ഞു , ചായ കുടിക്കുന്നതിനു അല്പം മുന്പായി, കക്ഷി നമ്മുടെ വീട്ടിലേക്ക് വരുന്നു. അമ്മച്ചി സിറ്റ് ഔട്ട്‌ ഇല്‍ ഇരിക്കുന്നു. ഭേഷ് ! നല്ല ബെസ്റ്റ് സിറ്റുവേഷന്‍ .

കോമള : "അല്ല, 7 -ആം മാസത്തിലെ ചടങ്ങ് ഒന്നും നടത്തുന്നില്ലേ?"
(FYI  : Mother - to - be യെ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകുന്ന ചടങ്ങാണ് 7 -ആം മാസത്തിലെ ചടങ്ങ്. പക്ഷെ അത് പലര്‍ക്കും ഒരു 'Prestige Shoes' ആണ്. പെണ്‍വീട്ടില്‍ നിന്നും കൊണ്ട് വരുന്ന പലഹാരങ്ങളുടെ എണ്ണം (7 തരം പലഹാരം Must ), Quality, Quantity - Everything Matters !!. പിന്നെ, പെണ്‍കുട്ടി കല്യാണത്തിന് ധരിച്ചിരുന്ന വേഷ-ഭൂഷാധികള്‍ 'ചടങ്ങ്' ഇനും അണിയണം. സ്വര്‍ണം മുഴുവന്‍ ഇപ്പോഴും ഉണ്ട്, എന്ന് എല്ലാരേം അറിയിക്കാന്‍ ഉള്ള ഒരു ഉപാധി കൂടിയാണ്  ഈ ചടങ്ങ്) 
അമ്മച്ചി : മോനെ.. മനസ്സില്‍ ലഡ്ഡു പൊട്ടി !!! "ആ .. വേണം..ഒന്നും തീരുമാനിച്ചിട്ടില്ല"

ഞാന്‍ വൈകുന്നേരം വന്നു കയറിയപ്പോള്‍ മുതല്‍ ഞങ്ങള്‍ ചര്‍ച്ച ആരംഭിക്കുന്നു.

ചടങ്ങ് നടത്തണ്ടേ?ഇല്ലെങ്കില്‍ നാട്ടുകാരും ബന്ധുകാരും വല്ലതുമൊക്കെ പറയും !
(നാട്ടുകാര്‍ , ബന്ധുക്കള്‍, ഇവറ്റകളെ ഞാന്‍ വല്ലാതെ സ്നേഹിക്കുന്നു!)
ആരെ ഒക്കെ വിളിക്കണം
'അവരെ' മാത്രം വിളിച്ചാല്‍ 'ഇവര്‍ക്ക്' വഴക്കാകുമോ,
'ഇവരെ' മാത്രം വിളിച്ചാല്‍ "അവര്‍ക്ക്" വഴക്കാകുമോ
'അവരേം' 'ഇവരേം' വിളിച്ചേക്കാം- അപ്പൊ ആളുകള്ടെ എണ്ണം പിന്നേം കൂടുല്ലേ?
അങ്ങോട്ട്‌ പോയി കഴിഞ്ഞാല്‍ Shalima എങ്ങനെ ഓഫീസിലേയ്ക്ക് പോകും?
Shalima യ്ക്ക് office ഇല്‍ പോകാന്‍ എളുപ്പം ഇവിടെ അല്ലെ?
ഇങ്ങനെ കുറെ Controversial Problems !


ഒടുവില്‍ എല്ലാത്തിനും തീരുമാനമായി. Plan റെഡി . Courtesy - അമ്മച്ചി 
എന്നെ അങ്ങോട്ട്‌ കൊണ്ട് പോകും, എന്നിട്ട് ഞാന്‍ ഇങ്ങോട്ട് തന്നെ തിരിച്ചു വരണം. 
അമ്മച്ചിക്ക് അതിനു ഒരു റീസണ്‍ ഉണ്ട് - "ഇപ്പൊ എല്ലാവരും അങ്ങനെ ആണ്!"
"OK, Agreed!" 

അങ്ങനെ ആ ദിവസം വന്നെത്തി.
"ശാലു മോള്‍ക്ക് കൊടുത്ത സ്വര്‍ണം ഒന്നും ഇട്ടു കാണുന്നില്ലല്ലോ" എന്ന് എപ്പോഴും സങ്കടം പറഞ്ഞു കൊണ്ടിരുന്ന എന്റെ വല്ല്യമ്മചിക്ക് വളരെ സന്തോഷം.
അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന എന്നെ കണ്ടിട്ട് അയല്‍ക്കാരും ഹാപ്പി ആയിക്കാണും എന്ന് വിശ്വസിക്കുന്നു, ദൈവാനുഗ്രഹം കാരണം അച്ഛന്‍ തന്ന വലകളും മാലകളും എല്ലാം ഉണ്ട്..
"തീരെ വയര്‍ ഇല്ലല്ലോ " എന്ന് അയല്‍ക്കാരില്‍ പലര്‍ക്കും സങ്കടം. ബിന്ദു വിനു (നമ്മുടെ ഒരു ബന്ധു + neighbor) ഇതിലും കൂടുതല്‍ വയര്‍ ഉണ്ടല്ലോ..
"ഹോ!", എനിക്ക് ബിന്ദു നോട്‌ ദേഷ്യം വരെ തോന്നി പോയി.
എന്റെ അച്ഛന്റെ പെങ്ങള്‍ അടുത്ത് വന്നിട്ട് - "ഇറങ്ങാന്‍ നേരം തിരിഞ്ഞു നോക്കരുത്, ആരോടും യാത്ര പറയരുത്, 1.15 നു മുന്പ് നമുക്ക് ഇവിടെ നിന്നും ഇറങ്ങണം... " Plan എന്നെ അറിയിച്ചു.
അങ്ങനെ 7 -ആം മാസം ചടങ്ങ് അതി ഗംഭീരം ആയി കഴിഞ്ഞു.

എല്ലാം plan  ചെയ്ത പോലെ, ചടങ്ങ് കഴിഞ്ഞു. ഞാന്‍ തിരിച്ചു vennala എത്തി.

അങ്ങനെ കാര്യങ്ങള്‍ സമാധാനപരമായി പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ അതാ കോമള ചേച്ചി വീണ്ടും!
പതിവ് പോലെ ഒരു ഉച്ച നേരത്ത്.
"അല്ല, 9 - ആം മാസം ചടങ്ങില്ലേ?"
(FYI - As Per Policies - 7 ആം മാസം ചടങ്ങ് പ്രകാരം ഇപ്പോള്‍ സ്വന്തം വീട്ടില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ വയര്‍ കാണാന്‍ ചെറുക്കന്‍ വീട്ടുകാര്‍ പോകുന്ന ചടങ്ങാണ് 9 - ആം മാസം ചടങ്ങ്)
അമ്മച്ചിടെ തലയില്‍ വീണ്ടും ലഡ്ഡു പൊട്ടി !!!
"അല്ല, ഷാലിമ ഇവിടെ ഉണ്ടല്ലോ.. പക്ഷെ ചടങ്ങ് ഉണ്ട്.. ഒന്നും തീരുമാനിച്ചിട്ടില്ല"

ഇവിടെ അമ്മച്ചിയും ഡാഡി ഉം ഇല്ലാതിരുന്ന ഒരു നേരം നോക്കി കോമള ചേച്ചി  'ലഡ്ഡു' വുമായി എന്റെ അടുത്തും വന്നു. "അല്ല, 9 - ആം മാസം ചടങ്ങില്ലേ?"
ഞാന്‍ : "ആ ഉണ്ട്, അല്ല എനിക്ക് അറിയ്ഹില്ല, ഞാന്‍ ഇവിടെ ഉണ്ടല്ലോ.. അല്ല ഈ ചടങ്ങ് 'വയറു കാണല്‍' അല്ലെ ? അതിപ്പോ ഞാന്‍ ഇവിടെ ഉള്ളപ്പോ, എന്തിനാ എന്റെ വീട്ടിലോട്റ്റ് എല്ലാരും കൂടി പോകുന്നെ?.. " എനിക്ക് ആകെ Confusion.


"എന്ന് കരുതി ചടങ്ങ് നടത്തണ്ടേ"
വീണ്ടും ലഡ്ഡു പൊട്ടി!!


അടുത്ത ദിവസം കോമള ചേച്ചി വീണ്ടും ആ ചോദ്യം ആവര്‍ത്തിച്ചു എന്ന് അമ്മച്ചി പറഞ്ഞു. ആ സീനില്‍ ഞാന്‍ ഉണ്ടായിരുന്നില്ല.

പിന്നെ അടുത്ത ഒരു ദിവസം എന്റെ അച്ഛന്റെ പെങ്ങള്‍ (Very Particular about ചടങ്ങ്) അച്ഛന്റെ മനസ്സിലും ലഡ്ഡു പൊട്ടിച്ചു
"9 - ആം മാസം ചടങ്ങില്ലേ ?"
അച്ഛന്‍ : "അവര്‍ ഡേറ്റ് ഒന്നും വിളിച്ചു പറഞ്ഞിട്ടില്ല. വിളിക്കും. ചടങ്ങ് ഉണ്ടെന്നാ പറഞ്ഞത്"

അച്ഛന്‍ തന്റെ മനസ്സ് അമ്മയോട പങ്കു വയ്ക്കുന്നു. 
അമ്മ എന്നോടും.ഞാന്‍ അമ്മച്ചിയോട്‌, അമ്മച്ചി ഡാഡി നോട്‌.. .....//....

പിന്നെ, ഇടയ്ക്ക് അമ്മച്ചി ഞാന്‍ പങ്കു വച്ച സങ്കടങ്ങള്‍ തിരിച്ചു എന്നോടും പങ്കു വയ്ക്കും. അത് കൂടാതെ കുറച്ച വേറെ സങ്കടങ്ങള്‍
 - ആരെ ഒക്കെ വിളിക്കണം
- 'അവരെ' വിളിച്ചാല്‍ 'ഇവര്‍ക്ക്' വഴക്കാകുമോ, 'അവരേം' 'ഇവരേം' വിളിച്ചേക്കാം, അപ്പൊ ആളുകള്ടെ എണ്ണം പിന്നേം കൂടുല്ലേ
 - അല്ല, ഷാലിമ ഇപ്പൊ ഇവിടെ അല്ലെ - അപ്പൊ തലേ ദിവസം അങ്ങോട്ട്‌ പൊയ്ക്കോ. പിറ്റേന്ന് ഞങ്ങള്‍ അങ്ങോട്ട്‌ വരാം. ചടങ്ങ് കഴിഞ്ഞു ഷാലിമ ഇങ്ങോട്ട് തിരുച്ചു പോന്നാ മതി! 
ഒരു ദിവസം എന്റെ Control വിട്ടപ്പോള്‍, ഞാന്‍ ഈ പടിക്ക് പുറത്തിരങ്ങില്ലെന്നും നിങ്ങള്‍ വേണമെങ്കില്‍ എന്റെ വീട്ടില്‍ പോയി എന്റെ അമ്മേടെ വയര്‍ കണ്ടോ എന്നും ഞാന്‍ പറഞ്ഞു . അല്ല പിന്നെ, വൃതികേടിനു ഒരു പരിധി ഇല്ലേ !! ചടങ്ങാണ് പോലും ചടങ്ങ് !( ഇതെല്ലാം കാണാനും കേള്‍ക്കാനും ശാലു ന്റെ ജീവിതം ഇനിയും ബാക്കി) 

അങ്ങനെ 2-3 ആഴച്ചക്ളുടെ ചര്‍ച്ചയ്ക്കൊടുവില്‍ തീരുമാനമായി.
 "ചടങ്ങ് ഉണ്ട്"
ഇവിടെ നിന്ന് 5 ആള്‍.- --അമ്മച്ചി, ഡാഡി, Aby, നീതു (എന്റെ Co-Sister) ടെ അച്ഛനും അമ്മേം.
"ഹോ ! സമാധാനം."

Plan റെഡി . Courtesy -വീണ്ടും അമ്മച്ചി 
ഞാന്‍ ആദ്യംഎന്റെ വീട്ടിലേയ്ക്ക് പോണം, പിറ്റേന്ന് ഇവര്‍ അങ്ങോട്ട്‌ വരും. ഞാന്‍ ചിലപ്പോള്‍ ഇവരുടെ കൂടെ ഇങ്ങോട്ട് തിരിച്ചു വരും. ഇല്ലെങ്കില്‍ വൈകുന്നേരം തമ്പി - ടെ (Aby) കൂടെ വന്നാലും  മതി.

7 മാസം ചടങ്ങില്‍ 7 പലഹാരം. 9 ഇല്‍ 9 എണ്ണം വേണം. പലഹാരം ഓര്‍ഡര്‍ ചെയ്യാന്‍ ഡാഡി പോയിട്ടുണ്ട്. ആ സമയത്താണ് ഞാന്‍ ഇത് എഴുതുന്നത്. 'എഴുതി പോയത്' എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഇനി വല്ല ചടങ്ങും ബാക്കി ഉണ്ടോ എന്ന് എനിക്ക് അറിയില്ല .. കോമള ചേച്ചിയോട് ചോദിക്കണം !
(ഇതെല്ലാം കാണാനും കേള്‍ക്കാനും ശാലു ന്റെ ജീവിതം ഇനിയും ബാക്കി)